Kerala
കൊച്ചി: കെഎസ്ആര്ടിസി ബസുകളില് സർക്കാർ വനിതകള്ക്കു സൗജന്യയാത്ര അനുവദിച്ചതിനു പിന്നാലെ സ്വകാര്യ ബസില് സ്കൂള് വിദ്യാര്ഥികള്ക്കു സൗജന്യ യാത്രയൊരുക്കി ബസുടമ.
പൂത്തോട്ട - കലൂര് റൂട്ടില് സര്വീസ് നടത്തുന്ന കെ. പി ട്രാവല്സ് ബസിന്റെ ഉടമയും മര്ച്ചന്റ് നേവി ക്യാപ്റ്റനുമായ കെ.പി. പങ്കജാക്ഷനാണ് ഈ സൗകര്യം ഏര്പ്പെടുത്തിയത്.
തന്റെ ഉടമസ്ഥതയിലുള്ള ഏഴു ബസുകളില് ഒന്നിലാണ് പ്രത്യേകം സ്റ്റിക്കര് പതിപ്പിച്ച് വിദ്യാര്ഥികള്ക്കു സൗജന്യയാത്ര ഒരുക്കിയിരിക്കുന്നത്. ഇന്നലെ രാവിലെ പൂത്തോട്ടയില്നിന്ന് ആരംഭിച്ച ട്രിപ്പ് മുതല് സ്കൂള് വിദ്യാര്ഥികള്ക്ക് ഈ ബസില് സൗജന്യയാത്ര തുടങ്ങി.
കെഎസ്ആര്ടിസി ബസുകളിലെ സൗജന്യയാത്രാ പദ്ധതിയില്നിന്നു വിദ്യാര്ഥികളെ ഒഴിവാക്കിയതിനാലാണു പങ്കജാക്ഷന്റെ ഈ തീരുമാനം. പ്ലസ് ടു വരെയുള്ള വിദ്യാര്ഥികള്ക്കാണു സൗജന്യ യാത്ര. പ്രതിദിനം 250ലധികം വിദ്യാര്ഥികളാണ് ഈ ബസില് യാത്ര ചെയ്യാറുള്ളതെന്ന് പങ്കജാക്ഷന് പറഞ്ഞു.
വരും ദിവസങ്ങളില് സൗത്ത് പറവൂരില്നിന്ന് ഇടപ്പള്ളി അമൃത ആശുപത്രിയിലേക്കു സര്വീസ് നടത്തുന്ന കെ.പി ട്രാവല്സിന്റെ മറ്റൊരു ബസിലും വിദ്യാര്ഥികള്ക്കു സൗജന്യ യാത്രയൊരുക്കുമെന്ന് അദ്ദേഹം പറഞ്ഞു.
തീരുമാനത്തിനെതിരേ എതിര്പ്പുകള് ഉണ്ടായേക്കാമെങ്കിലും വിദ്യാര്ഥികള്ക്കുള്ള സൗജന്യയാത്ര തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ 30 വര്ഷമായി മര്ച്ചന്റ് നേവി ഉദ്യോഗസ്ഥനായ പങ്കജാക്ഷന് 2015 ലാണ് ബസ് സര്വീസുകള് ആരംഭിച്ചത്.
District News
മുണ്ടക്കയം: വീണ്ടുമൊരു അധ്യയന വർഷം ആരംഭിക്കുമ്പോൾ വന്യമൃഗ ആക്രമണ ഭീതിയിൽ സ്കൂളിലേക്ക് എത്തേണ്ട ഗതികേടിൽ വിദ്യാർഥികൾ. കോട്ടയം - ഇടുക്കി ജില്ലകളുടെ അതിർത്തി പഞ്ചായത്തായ കോരുത്തോട്ടിലെ കൊമ്പുകുത്തി ഗവൺമെന്റ് ട്രൈബൽ ഹൈസ്കൂളിലേക്ക് എത്തുന്ന വിദ്യാർഥികൾക്കാണ് വന്യമൃഗ ശല്യം വലിയ സുരക്ഷാഭീഷണി സൃഷ്ടിക്കുന്നത്.
കോരുത്തോട് പഞ്ചായത്തിന്റെ ഭാഗമായ മടുക്ക, കൊമ്പുകുത്തി മേഖലയിലെ വിദ്യാർഥികൾക്ക് പുറമേ ഇടുക്കി ജില്ലയിലെ പെരുവന്താനം പഞ്ചായത്തിലെ ചെന്നാപ്പാറ, മതന്പ അടക്കമുള്ള മേഖലയിലെ സാധാരണക്കാരായ വിദ്യാർഥികളും ആശ്രയിക്കുന്നത് ഈ സ്കൂളിനെയാണ്.
ആന, പുലി, കാട്ടുപോത്ത്, കടുവ, കാട്ടുപന്നി അടക്കമുള്ള വന്യമൃഗങ്ങളുടെ ശല്യം അതിരൂക്ഷമായ മേഖലയാണ് ടിആർ ആൻഡ് ടി എസ്റ്റേറ്റിന്റെ ഭാഗമായ ചെന്നാപ്പാറ, മതന്പ പ്രദേശം. എസ്റ്റേറ്റിലെ ആയിരക്കണക്കിന് ഏക്കർ സ്ഥലം കാടുമൂടി കിടക്കുന്നതോടെ ശബരിമല വനത്തിൽ നിന്നു വന്യമൃഗങ്ങൾ ഇവിടെ വന്ന് തമ്പടിക്കുകയാണ്. കഴിഞ്ഞവർഷം കാട്ടാന ആക്രമണത്തിൽ രണ്ട് ജീവനുകളാണ് ഇവിടെ പൊലിഞ്ഞത്.
പ്രദേശത്തെ റോഡുകൾ പൂർണമായും തകർന്ന അവസ്ഥയിലുമാണ്. പൊതുഗതാഗതം ഇല്ലാത്ത റോഡിലൂടെ വിദ്യാർഥികൾ ടാക്സി ജീപ്പിലോ ഓട്ടോറിക്ഷയിലോ ആണ് സ്കൂളുകളിൽ എത്തുന്നത്. കഴിഞ്ഞ വർഷം വിദ്യാർഥികൾ സഞ്ചരിച്ച ജീപ്പിനു നേരെ കാട്ടാന പാഞ്ഞെടുത്ത സംഭവമുണ്ടായിരുന്നു. തലനാരിഴയ്ക്കാണ് അന്ന് കുട്ടികൾ കാട്ടാന ആക്രമണത്തിൽ നിന്നു അത്ഭുതകരമായി രക്ഷപ്പെട്ടത്. വന്യമൃഗ ശല്യം രൂക്ഷമായതോടെ പല മാതാപിതാക്കളും കുട്ടികളെ തനിച്ച് സ്കൂളിലേക്ക് അയയ്ക്കാൻ മടിക്കുകയാണ്.
നിരവധി കുടുംബങ്ങൾ ഇവിടെ നിന്നു വീടും പുരയിടവും ഉപേക്ഷിച്ച് മറ്റ് സ്ഥലങ്ങളിലേക്ക് താമസം മാറ്റി. മനോഹരമായ കെട്ടിടവും അടിസ്ഥാന സൗകര്യങ്ങളുമെല്ലാമുള്ള കൊമ്പുകുത്തി ട്രൈബൽ ഹൈസ്കൂളിൽ മുമ്പ് ഇരുനൂറിലധികം വിദ്യാർഥികൾ പഠിച്ചിരുന്നു. കാട്ടുമൃഗങ്ങളുടെ ശല്യം രൂക്ഷമായതോടെ ഇപ്പോൾ 93 കുട്ടികളാണ് ഇവിടെ പഠനം നടത്തുന്നത്.
ഒരു അധ്യയന വർഷം കൂടി ആരംഭിക്കുമ്പോൾ വന്യമൃഗ ശല്യത്തിൽ നിന്നു മേഖലയിലെ വിദ്യാർഥികൾക്ക് സുരക്ഷ ഒരുക്കുവാൻ വനം വകുപ്പും ബന്ധപ്പെട്ട അധികാരികളും തയാറാകണമെന്ന ആവശ്യമാണ് ശക്തമാകുന്നത്. ഇതിനായി സകൂൾ സമയങ്ങളിൽ വനം വകുപ്പിന്റെ പ്രത്യേക പട്രോളിംഗ് സംഘത്തെ മേഖലയിൽ നിയോഗിക്കണമെന്നും സ്കൂൾ അധികൃതരും നാട്ടുകാരും ആവശ്യപ്പെടുന്നു. കൂടാതെ ജനവാസ മേഖലയിലേക്ക് ഇറങ്ങുന്ന വന്യമൃഗങ്ങളെ ഉൾക്കാട്ടിലേക്ക് തുരത്തണമെന്നും വനാതിർത്തി മേഖലയിൽ സുരക്ഷാ സംവിധാനങ്ങൾ വർധിപ്പിക്കണമെന്നുള്ള ആവശ്യവും ശക്തമാണ്.
Kerala
തിരുവനന്തപുരം: വിദ്യാർഥികളിൽ അറിവിന്റെയും ബോധത്തിന്റെയും പുതിയ ഉണർവ് സൃഷ്ടിക്കുന്ന ചീഫ് മിനിസ്റ്റേഴ്സ് മെഗാക്വിസ് മത്സരം സംസ്ഥാനവ്യാപകമായി ആരംഭിക്കുന്നു. സംസ്ഥാനത്തെ 8 മുതൽ 12 വരെ ക്ലാസുകളിലുള്ള സ്കൂൾ വിദ്യാർത്ഥികൾക്കും സർവകലാശാലകോളജ് വിദ്യാർഥികൾക്കും പ്രത്യേകം വിഭാഗങ്ങളിലായാണു മത്സരം സംഘടിപ്പിക്കുക.
സ്കൂൾ തല മത്സരങ്ങളിൽ ഒന്നാം സമ്മാനമായി അഞ്ചു ലക്ഷം രൂപയും രണ്ടാം സമ്മാനമായി മൂന്നു ലക്ഷം രൂപയും മൂന്നാം സമ്മാനമായി രണ്ട് ലക്ഷം രൂപയും നൽകും. കോളജ് തല മത്സരങ്ങളിൽ ഒന്നാം സമ്മാനമായി മൂന്നു ലക്ഷം രൂപയും രണ്ടാം സമ്മാനമായി രണ്ട് ലക്ഷം രൂപയും മൂന്നാം സമ്മാനമായി ഒരു ലക്ഷം രൂപയും ലഭിക്കും. ഇതിനു പുറമേ മെമന്റോയും പ്രശസ്തിപത്രവും വിജയികൾക്ക് സമ്മാനമായി നൽകും.
സ്കൂൾ വിഭാഗത്തിൽ സ്കൂൾ, വിദ്യാഭ്യാസ ജില്ല, ജില്ല, സംസ്ഥാന തലങ്ങളിലായി മത്സരങ്ങൾ സംഘടിപ്പിക്കും. സ്കൂൾ തലത്തിൽ വ്യക്തിഗതമായി നടത്തുന്ന മത്സരത്തിനു ശേഷം വിദ്യാഭ്യാസ ജില്ല മുതൽ ടീം അടിസ്ഥാനത്തിലായിരിക്കും മത്സരം.
സംസ്ഥാന തലത്തിൽ നടക്കുന്ന ഗ്രാൻഡ് ഫിനാലെയിലൂടെ അന്തിമ വിജയിയെ കണ്ടെത്തും. കോളജ് വിഭാഗത്തിൽ കോളജ്, ജില്ല, സംസ്ഥാന തലങ്ങളിലായിരിക്കും മത്സരങ്ങൾ. കോളജ് തലത്തിൽ വ്യക്തിഗതമായും തുടർന്ന് ടീമായും മത്സരിക്കാവുന്ന രീതിയിലാണു ക്രമീകരണം.
ജനുവരി 12 മുതൽ മത്സരങ്ങൾ ആരംഭിക്കും. മത്സരത്തിൽ പങ്കെടുക്കുന്ന എല്ലാവർക്കും ഓൺലൈൻ സർട്ടിഫിക്കറ്റ് നൽകും. ജില്ലാതല മത്സര വിജയികൾക്ക് മെമന്റോയും സർട്ടിഫിക്കറ്റും ലഭിക്കും. ശരി ഉത്തരങ്ങൾ നൽകുന്ന കാണികൾക്കും സമ്മാനം ലഭിക്കുന്ന ജനകീയ മത്സരമായാണ് ജില്ലാതലം മുതൽ പരിപാടി സംഘടിപ്പിക്കുന്നത്.
Kerala
കൊല്ലം: അമിതമായി അയൺ ഗുളികകൾ കഴിച്ച ആറ് വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊല്ലം മൈനാഗപ്പള്ളി മിലാദേ ഷെരീഫ് ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥികളാണ് ചികിത്സയിലുള്ളത്. ആരുടെയും നില ഗുരുതരമല്ല.
ആരോഗ്യവകുപ്പ് സ്കൂൾ വഴി വിതരണം ചെയ്ത ഗുളികകളാണ് കുട്ടികൾ അമിതമായി കഴിച്ചത്. വീട്ടിൽകൊണ്ടുപോകാൻ കുട്ടികളുടെ കൈവശം സ്കൂൾ അധികൃതർ ഗുളികകൾ നൽകിയിരുന്നു. എന്നാൽ സ്കൂളിൽ വച്ച് തന്നെ ആറ് കുട്ടികൾ ഗുളികകൾ കഴിക്കുകയായിരുന്നുവെന്ന് രക്ഷിതാക്കൾ പറയുന്നു.
ഗുളിക ആദ്യം കഴിച്ചപ്പോൾ മധുരം തോന്നിയതിനാൽ വീണ്ടും കഴിച്ചുവെന്നും സഹപാഠികളുടെ ഗുളിക കൂടി ചിലർ വാങ്ങി കഴിച്ചുവെന്നുമാണ് വിവരം. 20 ഗുളിക വരെ ചികിത്സയിലുള്ള ചില കുട്ടികൾ കഴിച്ചുവെന്നും ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതോടെ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നുവെന്നും സ്കൂൾ അധികൃതർ അറിയിച്ചു.
നാല് കുട്ടികൾ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലും രണ്ട് പേർ കൊല്ലം ജില്ലാ ആശുപത്രിയിലുമാണ് ചികിത്സ തേടിയിരിക്കുന്നത്. ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച രണ്ട് കുട്ടികളുടെ വയർ കഴുകിയെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.